
ആലപ്പുഴ: പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രി ആയാൽ സന്തോഷമുണ്ടെങ്കിലും മൂന്നാം തവണയും ഇടതു മുന്നണിക്ക് അധികാരം ലഭിക്കില്ലെന്നതാണ് തന്റെ വിലയിരുത്തലെന്ന് മുൻ സിപിഎം നേതാവും അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാർത്ഥിയുമായ ജി സുധാകരൻ. മുഖ്യമന്ത്രി പിണറായി വിജയനെപിന്തുണച്ചുള്ള പ്രസ്താവന സംബന്ധിച്ച് വിശദീകരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ജനങ്ങൾ എൽഡിഎഫിന് വോട്ട് ചെയ്യില്ലെന്നും സുധാകരൻ പറഞ്ഞു. താൻ സ്വതന്ത്ര സഥാനാർത്ഥിയാണെന്നും രാഷ്ട്രീയ പാർട്ടികൾക്ക് പിന്തുണ നൽകാൻ താൽപര്യമുണ്ടെങ്കിൽ സ്വീകരിക്കുമെന്നും ജി സുധാകരൻ പറഞ്ഞു. യുഡിഎഫ് പിന്തുണയ്ക്കുന്നുവെങ്കിൽ അതും അംഗീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചേർത്തലയിൽ പി പ്രസാദിനെതിരെ പ്രചരണം നടത്തുമെന്നും സുധാകരൻ വ്യക്തമാക്കി. പ്രസാദ് തനിക്കെതിരെ പ്രസ്താവന നടത്തിയ സാഹചര്യത്തിലാണ് ഈ തീരുമാനം. അവിടെ പോയി അദ്ദേഹത്തെ പരാജയപ്പെടുത്തണമെന്ന് ജനങ്ങളോട് അഭ്യർത്ഥിക്കാനുള്ള അവകാശം തനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വളരെ കുറഞ്ഞ ഭൂരിപക്ഷത്തിലാണ് പ്രസാദ് വിജയിച്ചതെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.
‘പാർലമെന്ററി വ്യാമോഹം’ എന്ന വിമർശനത്തെയും സുധാകരൻ തള്ളി. മത്സരിക്കുന്ന മറ്റെല്ലാ നേതാക്കളും ഇത്തരം വിമർശനങ്ങളിൽ നിന്ന് ഒഴിവാകുന്നില്ലേയെന്ന് ചോദിച്ച അദ്ദേഹം, എ.എം. ആരിഫ്, സജി ചെറിയാൻ, യു. പ്രതിഭ, വി.എൻ. വാസവൻ എന്നിവരെ ഉദാഹരണമായി ചൂണ്ടിക്കാട്ടി. ഇവർ പലതവണ മത്സരിക്കുന്നത് വ്യാമോഹമല്ലേ എന്നും, അതേസമയം തനിക്കെതിരെ മാത്രം ഇത്തരം ആരോപണം ഉയർത്തുന്നത് ശരിയാണോ എന്നും അദ്ദേഹം ചോദിച്ചു.











